തൊടുപുഴ: മൂവാറ്റുപുഴ-തേനി സംസ്ഥാനപാതയുടെ പെരുമാങ്കണ്ടം മുതല്‍ മുസ്ലിംപള്ളി കോട്ടക്കവല വരെയുള്ള കോട്ടപുറമ്പോക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ ഒഴിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതായി ഹൈവേ പുനര്‍നിര്‍മാണ സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ഫാ. ജോസ് കിഴക്കേല്‍, വൈസ് ചെയര്മാന് എം.ജെ. ജോണ്‍ മാറാടികുന്നേല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കി അടുത്തമാസം നാലിന് റിപ്പോര്‍ട്ട് നല്കാന് കരിമണ്ണൂര്‍ പിഡബ്ല്യുഡി എഇയോട് ഹൈക്കോടതി നിര്‍ദേശിച്ചതായും ഇവര്‍ വ്യക്തമാക്കി. സംസ്ഥാന ചീഫ് സെക്രട്ടറി, റവന്യു സെക്രട്ടറി, ചീഫ് എന്‍ജിനിയര്‍, ദേശീയപാത അഥോറിറ്റി തുടങ്ങി 17 പേരെ എതിര്‍കക്ഷികളാക്കി സമര്‍പ്പിച്ച കേസിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
സ്വാതന്ത്ര്യ സുവര്‍ണജൂബിലി സ്മാരകമായി അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന പി.ജെ. ജോസഫ് 2000ല്‍ പ്രഖ്യാപനം നടത്തിയ പാതയാണ് 25 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തീകരിക്കാത്തത്. മൂവാറ്റുപുഴ മുതല്‍ പെരുമാങ്കണ്ടം വരെയുള്ള 16 കിലോമീറ്റര്‍ ദൂരം ബിഎംബിസി നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു.
എന്നാല്‍ ശേഷിക്കുന്ന ഭാഗം ഏറ്റെടുക്കുന്നതിലുണ്ടായ കാലതാമസവും കോടതി വ്യവഹാരങ്ങളും പാതയുടെ നിര്‍മാണത്തെ പിന്നോട്ടടിച്ചു. എറണാകുളം ജില്ലയില്‍ 15 കിലോമീറ്ററും ഇടുക്കിയില്‍ 140 കിലോമീറ്ററും തമിഴ്നാട്ടില്‍ 30 കിലോമീറ്ററും ഉള്‍പ്പെടുന്നതാണ് പാത. 2018-ലെ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി ജര്‍മന്‍ സാമ്പത്തിക സഹായത്തോടെ 87.73 കോടി ചെലവഴിച്ചാണ് പെരുമാങ്കണ്ടം വരെയുള്ള നിര്‍മാണം പൂര്‍ത്തീകരിച്ചത്.
എന്നാല്‍ പെരുമാങ്കണ്ടം മുതല്‍ മുസ്ലിംപള്ളി കോട്ടക്കവല വരെയുള്ള ഭാഗത്ത് റോഡില്ലാത്ത സ്ഥിതിയായിരുന്നു. 2011ല്‍ അന്നത്തെ എംപി പി.ടി. തോമസ് ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി 1.20 കോടി അനുവദിച്ച് പെരുമാങ്കണ്ടം മുതല്‍ വാഴക്കാല സ്കൂള്‍വരെ മണ്‍റോഡ് നിര്‍മിക്കാന്‍ നടപടി സ്വീകരിച്ചു.
ശേഷിക്കുന്ന മുസ്ലിംപള്ളിവരെയുള്ള ഭാഗത്തെ റോഡ് യാഥാര്‍ഥ്യമാകാതെ വന്നതോടെ 2006ല്‍ മൂവാറ്റുപുഴ-തേനി സംസ്ഥാനപാത പുനര്‍നിര്‍മാണ സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് തഹസില്‍ദാര്‍ മുതല്‍ മുഖ്യമന്ത്രിവരെയുള്ളവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയില്‍ അഭിഭാഷകനായ പീയൂസ് കൊറ്റം മുഖേന കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്നു പഴയ റവന്യു രേഖകളുടെ അടിസ്ഥാനത്തില്‍ പുറമ്പോക്ക് അളന്നുതിരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും നടപ്പായില്ല. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
നേര്‍രേഖയില്‍ വരുന്നതും 20.06 മീറ്റര്‍ വീതി നിലനില്ക്കുന്നതുമായ പാതയുടെ പൂര്‍ത്തീകരണത്തിന് ഒന്നോ രണ്ടോ പാലങ്ങള്‍ മാത്രം നിര്‍മിച്ചാല്‍ മതിയാകും. ഇതിനു പുറമേ പാത കടന്നുപോകുന്നഭാഗം മണ്ണിടിച്ചില്‍ കുറഞ്ഞ പ്രദേശമാണെന്ന പ്രത്യേകതയുമുണ്ട്. കാലതാമസം കൂടാതെ ജനങ്ങള്‍ ഒറ്റക്കെട്ടായി നാടിന്റെ വികസനം നടപ്പാക്കുന്നതിനു മുന്‍പന്തിയില്‍നിന്നു പ്രവര്‍ത്തിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.